വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സര്‍വ്വകക്ഷി സംഘങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്



ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സര്‍വ്വകക്ഷി സംഘങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. യു.എസ്. ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പോവുക. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടുകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇന്ത്യയുടെ നിലപാടുകള്‍ വിശദീകരിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത്.

ആകെ ഏഴ് സംഘങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇതില്‍ നാല് സംഘങ്ങളെ നയിക്കുന്നത് ബിജെപി- എന്‍ഡിഎ നേതാക്കളാണ്. രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള ശ്രീകാന്ത് ഷിന്‍ഡെ എന്നിവരാണ് ഭരണകക്ഷിയില്‍ നിന്നുള്ളവര്‍. പ്രതിപക്ഷത്തുനിന്ന് ശശി തരൂര്‍, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലെ സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് ഉള്ളത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പുര്‍, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വക്ഷി സംഘത്തെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് ഝാ ആണ് നയിക്കുക. മിഡില്‍ ഈസ്റ്റ്- അറബ് രാജ്യങ്ങളിലേക്കുള്ള സംഘത്തെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് നയിക്കും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 40 പേരാണ് ഈ ഏഴ് സംഘത്തിലുള്‍പ്പെടുന്നത്. കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമെ സിപിഎം പ്രതിനിധിയായി ജോണ്‍ ബ്രിട്ടാസും ബിജെപി പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഏത് സംഘത്തിലാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി നിര്‍ദ്ദേശിച്ച പട്ടികയില്‍ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുണ്ടായിരുന്നില്ല. എന്നാല്‍ ഈ ലിസ്റ്റിന് പുറമെ ഇവരെ രണ്ടുപേരെയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്ക് നിശ്ചയിച്ചു. ഇതില്‍ ശശി തരൂരിനെ ഒരു സംഘത്തെ നയിക്കാനും നിയോഗിച്ചു.
അതേസമയം കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ ഉള്ള ഗൗരവ് ഗൊഗോയിയേയും സയീദ് നസീര്‍ ഹുസൈനെയും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരവ് ഗൊഗോയിയുടെ ഭാര്യ ഇന്ത്യയില്‍ താമസിക്കുമ്പോഴും പാക് എന്‍ജിഒയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ആരോപിച്ചു. അതിനാല്‍ രാജ്യസുരക്ഷ കണക്കിലെടുത്ത് ഗൗരവ് ഗൊഗോയിയെ രാഹുല്‍ഗാന്ധി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال