എന്റെ കേരളം; ആഘോഷരാവുകളുടെ വിളിയറിയിച്ച് ഫ്ലാഷ് മോബ്




 രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ ഫ്ലാഗ് ഓഫ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് നിർവ്വഹിച്ചു. ജില്ലയിലെ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ഫ്ലാഷ് മോബിൽ എഡിഎം ടി. മുരളി മുഖ്യാതിഥിയായി. 

കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് വടക്കേസ്റ്റാൻഡ് പരിസരം, ശക്തൻ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജില്ലയിലെ മാർത്തോമാ ജിഎച്ച്എസ്എസ്, സെന്റ് ജോസഫ് മിഷൻ കോട്ടേഴ്സ് സ്കൂൾ, ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, എസ് എൻ എം എച്ച് എസ് എസ് ചാഴൂർ, ജെ പി ഇ എച്ച് എസ് എസ് കൂർക്കഞ്ചേരി, ജിഎച്ച്എസ്എസ് പൂങ്കുന്നം തുടങ്ങിയ സ്കൂളിലെ എൻഎസ്എസ് വിദ്യാർഥിനികളാണ് ഫ്ലാഷ് മോബിന്റെ ഭാഗമായത്.

 സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രദർശന വിപണന മേളയുടെ ലക്ഷ്യം. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ,
ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ എം.കെ അജിത കുമാരി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി കാർത്തിക, ഹയർസെക്കൻഡറി എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ്, ക്ലസ്റ്റർ കോഡിനേറ്റർ സൂര്യ തേജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال