തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത കേസിൽ ആറുവർഷത്തിനിപ്പുറം വിധി വന്നു. ഒമ്പത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ മഹിളാ കോടതി വിധിച്ചത്. പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി ആർ. നന്ദിനിദേവിയാണ് കേസിൽ വിധി പറഞ്ഞത്. രാജ്യത്തെയാകെ പിടിച്ചുലച്ച ഈ കേസിൽ 2019 ൽ അറസ്റ്റിലായതു മുതൽ ഇവർ സേലം സെൻട്രൽ ജയിലിലാണ്.
വിചാരണ വേളയിൽ 200 ലധികം രേഖകളും ആക്രമണങ്ങളുടെ ഫോറൻസിക് സാധൂകരിച്ച വീഡിയോകൾ ഉൾപ്പെടെ 400 ഇലക്ട്രോണിക് തെളിവുകളും ഹാജരാക്കി. എട്ട് അതിജീവിതമാർ കോടതിക്ക് മുന്നിൽ മൊഴി നൽകാൻ ഹാജരായി. പ്രതികൾ തങ്ങളുടെ പ്രായവും മാതാപിതാക്കളുടെ വാർധക്യവും ചൂണ്ടിക്കാട്ടി ദയ ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്കെതിരായ കൊടുംകുറ്റകൃത്യങ്ങൾ ഉൾപ്പെട്ട വളരെ അപൂർവമായ കേസാണിതെന്ന് വാദിച്ച പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികൾ. 2023 ഫെബ്രുവരി 14-ന് വിചാരണ ആരംഭിച്ചു. പലപ്പോഴും വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളുടെ വാദംകേട്ടത്.
2016-നും 2018-നുമിടയിൽ പ്രതികൾ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ ഒട്ടേറെ വിദ്യാർഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും അത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
ബലാത്സംഗം, കൂട്ടബലാത്സംഗം, ഒരേ ഇരയെ ആവർത്തിച്ചുള്ള ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ലൈംഗിക പീഡനം, ബ്ലാക്ക് മെയിൽ ചെയ്യൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) കർശനമായ വകുപ്പുകൾ പ്രകാരമാണ് ഒമ്പത് പുരുഷന്മാർക്കെതിരെ കേസെടുത്തത്. പ്രതികൾ തങ്ങളുടെ ലൈംഗികാതിക്രമങ്ങൾ ചിത്രീകരിച്ചു, ഇരകളെ തുടർച്ചയായ ചൂഷണത്തിന് പ്രേരിപ്പിക്കാൻ ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു.
2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി നൽകിയ പരാതിയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. 12 ദിവസംമുൻപ്, തന്നെ നാലുപേർ ഓടുന്ന കാറിൽവെച്ച് പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതായി വിദ്യാർഥിനി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സ്വർണമാല കവർന്നതായും പരാതിയിൽ വ്യക്തമാക്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ ഒട്ടേറെ പെൺകുട്ടികളുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത്.
പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും വെച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇതിൽ കൂടുതലും നടന്നത് പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിലായിരുന്നു. പൊള്ളാച്ചി പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്, എന്നാൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെത്തുടർന്ന് അത് തമിഴ്നാട് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും (സിബി-സിഐഡി) പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കും (സിബിഐ) മാറ്റി.
സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഒൻപത് പ്രതികളെയും അറസ്റ്റുചെയ്തത്. പരാതി നൽകിയ വിദ്യാർഥിനിയെ ധാരാപുരം റോഡിൽവെച്ച് പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുന്നത്. കേസിൽ ശബരിരാജനാണ് മുഖ്യപ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. അന്വേഷണം മുറുകുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ പീഡനത്തിനിരയായ എട്ടുപേർകൂടി പരാതിയുമായെത്തി.