മൊബൈല്‍ ടവറുകളില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലോ കാടിനുള്ളിലോ പര്‍വതങ്ങള്‍ക്ക് മുകളിലോ ആകട്ടെ എവിടെനിന്നും തടസമില്ലാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള വഴിയാണ് ഉപഗ്രഹങ്ങള്‍ വഴിയുള്ള ഇന്റര്‍നെറ്റ്. ഇതിനകം ആഗോള തലത്തില്‍ സൂപ്പര്‍ഹിറ്റായിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ലിങ്ക് സേവനം താമസിയാതെ ഇന്ത്യയിലുമെത്തും. അതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ഇതിനകം നൂറിലേറെ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റി ലഭ്യമാണ്. കുറഞ്ഞ ലേറ്റന്‍സിയില്‍ പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത ഇടങ്ങളില്‍പോലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് സാധിക്കും. എന്നാല്‍, എന്തായിരിക്കും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റിന് ഇന്ത്യയില്‍ വില? രാജ്യത്തെ പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങളോട് മത്സരിക്കുംവിധമായിരിക്കും സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ പ്രൊമോഷണല്‍ നിരക്കായി പ്രതിമാസം 10 ഡോളറിനായിരിക്കും (ഏകദേശം 840 രൂപയോളം) സ്റ്റാര്‍ലിങ്ക് സേവനം നല്‍കുകയെന്ന് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇത്രയും കുറഞ്ഞ നിരക്കില്‍ സേവനം ആരംഭിക്കുന്നതുവഴി ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും.
ഈ കുറഞ്ഞ നിരക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനരംഗത്ത് സ്റ്റാര്‍ലിങ്ക് ഒറ്റയ്ക്കായിരിക്കില്ല എന്നതാണ്. ഭാര്‍തി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂടെല്‍ സാറ്റ് വണ്‍വെബ്, റിലയന്‍സ് ജിയോയുടെ സംയുക്ത സംരംഭമായ എസ്ഇഎസ്, ഗ്ലോബ്‌സ്റ്റാര്‍ തുടങ്ങിയ സേവനങ്ങളും ഇന്ത്യയില്‍ ഉടനെത്തും. ഇത് വിപണിയില്‍ മത്സരം സൃഷ്ടിക്കും. സ്വാഭാവികമായും ഇന്ത്യപോലൊരു വിപണിയില്‍ സ്വീകാര്യത നേടണമെങ്കില്‍ സേവന നിരക്കുകളിലും മത്സരം ആവശ്യമായിവന്നേക്കും. ജിയോ, എയര്‍ടെല്‍ എന്നിവരുമായി സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.