കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലിൽ നിന്നും തെറിച്ച കണ്ടയിനറുകൾ ചിലത് തിരുവനന്തപുരത്ത് അടിഞ്ഞു. വർക്കല, ഇടവ, മാന്ത്ര ഭാഗത്തും അഞ്ചുതെങ്ങ്, മുതലപ്പൊഴി, ആയിരൂർ ഭാഗങ്ങളിലുമാണ് കണ്ടയ്നറുകൾ എത്തിയത്. ഇന്ന് പുലർച്ചെ നാലു മണിയോടുകൂടെയാണ് കണ്ടൈനറുകൾ അടിഞ്ഞതെന്ന് പ്രദേശ വാസികൾ പറയുന്നു
അതേസമയം, കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വന്നടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ വില്ലേജുകളുടെ പരിധിയിലായി 35 കണ്ടെയ്നറുകളാണ് വന്നടിഞ്ഞത്.
സംഹാര താണ്ഡവം ആടുകയാണ് കടലമ്മ ഒപ്പം 50 കിലൊമീറ്റർ വേഗതയിലെ കാറ്റും ശക്തമായ മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. രണ്ട് മണിക്കൂർ വേണ്ടി വന്നു പോളിമർ ഷീറ്റ് ഉൾപ്പെട്ട കണ്ടയിനർ ബീച്ചിന് സമീപത്ത് ഒഴുകി വന്ന കണ്ടയിനർ കെട്ടിവലിച്ച് കൊല്ലം പോർട്ടിൽ എത്തിക്കാൻ.
അപകടത്തിൽ പെട്ട കപ്പലിന്റെ ഉടമകളായ എം.എസ്.സി കമ്പനി കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിന് വാട്ടർ ലൈൻ എന്ന കമ്പനിക്ക് കരാർ നൽകി. തകരാറിലായ കണ്ടെയ്നറുകളും തീരത്തടിഞ്ഞ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി ആൻറ് ടി സാൽവേജ് കമ്പനിയുടെ പ്രതിനിധികളും കൊല്ലത്ത് എത്തി. തീരത്തടിഞ്ഞ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്, സംസ്കരിക്കും.