കണ്ണൂര്‍: മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ തിങ്കളാഴ്ച റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്. തിരുവനന്തപുരം/പാലക്കാട് ഡിവിഷനുകളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മരം വീണു. നിരവധി വണ്ടികള്‍ പിടിച്ചിട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യസ്ഥലത്തെ മരങ്ങളടക്കം പാളത്തില്‍ വീണു.
തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ സൗത്തില്‍ മരം വീണു. രണ്ട് വണ്ടികള്‍ നിര്‍ത്തിയിട്ടു. മെഗ്രാലിനും കുമ്പളയ്ക്കും ഇടയില്‍ രാവിലെ 8.40-ന് മരം വീണു. കണ്ണൂര്‍-മംഗളൂരു-പാസഞ്ചര്‍, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. തിരുവല്ല കുറ്റിപ്പുഴയില്‍ രാവിലെ 11-ന് എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസിന് മുകളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. 11.30-ന് ഇടവയ്ക്കും കാപ്പലിനും ഇടയില്‍ തെങ്ങ് പാളത്തില്‍ വീണു. ഇതിനുപുറമെയാണ് കോഴിക്കോട്ട് തിങ്കളാഴ്ച രാത്രി മരം വീണ് ഗതാഗതം മുടങ്ങിയത്.
ശനിയാഴ്ച മടപ്പള്ളിയില്‍ പാളത്തില്‍ തെങ്ങ് വീണ് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തൃക്കരിപ്പൂരില്‍ പാളത്തിനരികെ മരക്കൊമ്പ് വീണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് നിര്‍ത്തിയിട്ടു.
വീഴുന്നത് ദൂരെയുള്ള മരങ്ങള്‍
ട്രാക്കില്‍നിന്ന് നാലുമീറ്ററിനപ്പുറമുള്ള വലിയ മരങ്ങള്‍ റെയില്‍വേ ലൈനിന് ഭീഷണിയായിട്ടുണ്ട്. കണ്ണൂര്‍ സൗത്തിലും മടപ്പള്ളിയിലും വളരെ ദൂരെയുള്ള മരമാണ് വീണത്. വൈദ്യുതീകരണത്തിന്റെ ഭാഗമായി നാലുമീറ്ററിനുള്ളിലെ മരങ്ങള്‍ റെയില്‍വേ വെട്ടിമാറ്റിയിരുന്നു. അതിനപ്പുറമുള്ള സ്വകാര്യ ഭൂമിയിയിലെ തെങ്ങ് അടക്കമുള്ളവ ഭീഷണിയാണ്. അവ മുറിക്കാന്‍ പലയിടത്തും നോട്ടീസും നല്‍കിയിരുന്നു.
വൈകിയോടുന്ന ട്രെയിനുകള്‍
ചെന്നൈ-മാംഗ്ലൂര്‍ മെയില്‍
കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍
തിരുവനന്തപുരം-മാംഗ്ലൂര്‍ മലബാര്‍ എക്‌സ്പ്രസ്
അന്ത്യോദയ എക്‌സ്പ്രസ്
ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്
നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്
ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്
രാജ്യറാണി എക്‌സ്പ്രസ്
അമൃത്സര്‍ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്