മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തി: കനത്തമഴയില്‍ നനഞ്ഞുകുതിര്‍ന്ന് മുംബൈ



മുംബൈ: മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതിന് പിന്നാലെ കനത്തമഴയില്‍ നനഞ്ഞുകുതിര്‍ന്ന് മുംബൈ. നഗരത്തില്‍ പെയ്തതിറങ്ങിയത്, 107 കൊല്ലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന അളവ് മഴ. സാധാരണയായി ജൂണ്‍ മാസം പതിനൊന്നാം തീയതിയോടെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുംബൈയില്‍ എത്താറ്. എന്നാല്‍, ഇക്കുറി 16 ദിവസം നേരത്തെ, മേയ് 26-ന് കാലവര്‍ഷം എത്തി. 2001-25 കാലത്തിനിടെ ഇതാദ്യമായാണ് മൺസൂൺ ഇത്ര നേരത്തേ എത്തുന്നതെന്ന് ഐഎംഡി അറിയിച്ചു.

തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കും രാവിലെ 11 മണിക്കും ഇടയില്‍, ദക്ഷിണമുംബൈയുടെ വിവിധഭാഗങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചതായി ബൃഹന്‍മുംബൈ മുനിസിപ്പില്‍ കോര്‍പറേഷനി (ബിഎംസി)ല്‍നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ കൊളാബ ഒബ്‌സര്‍വേറ്ററിയില്‍ 295 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ പെയ്തത് 1918-ല്‍ ആയിരുന്നു. അന്ന് 279.4 മില്ലിമീറ്റര്‍ മഴയായിരുന്നു പെയ്തത്.
രാത്രി മുതല്‍ പുലര്‍ച്ചെവരെ പെയ്ത കനത്തമഴ നഗരത്തില്‍ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും വഴിവെച്ചിട്ടുണ്ട്. വോര്‍ളിയിലെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ വെള്ളംകയറി. സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലുള്‍പ്പെടെയാണ് വെള്ളം കയറിയിട്ടുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കാര്‍ വെള്ളത്തിലൂടെ നീങ്ങുന്നതും കാണാം.
മുംബൈ മെട്രോയുടെ, ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് (ബികെസി)യില്‍നിന്ന് വോര്‍ളിയിലെ ആചാര്യ ആത്രേ ചൗക്കിലേക്കുള്ള സര്‍വീസ് ഈ മാസം പത്താംതീയതിയായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. മഴയ്ക്കു പിന്നാലെ ഇവിടെ വെള്ളംകയറിയത് നിര്‍മാണത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال