റിയാദ്: ഏപ്രിൽ 24 നും 30 നും ഇടയിൽ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ 17,153 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 10,305 താമസ നിയമ ലംഘനങ്ങളും, 3,644 അതിർത്തി സുരക്ഷ നിയമ ലംഘനങ്ങളും, 3,204 തൊഴിൽ നിയമ ലംഘനങ്ങളുമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,109 പേരെ പിടികൂടുകയുണ്ടായി. ഇവരിൽ 35% യമനികളും 62% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണ്. നിയമ വിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ചതിന് 76 പേരെയും അറസ്റ്റ് ചെയ്തു.
നിയമ ലംഘകർക്ക് യാത്ര, അഭയം, ജോലി എന്നീ സൗകര്യങ്ങൾ നൽകിയതിന് 13 പേരെ അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായവരടക്കം 27,022 പുരുഷന്മാരും 1,684 സ്ത്രീകളും ഉൾപ്പെടെ നിലവിൽ 28,706 പ്രവാസികളുടെ നിയമനടപടികൾ തുടർന്നു വരികയാണ്.
നിയമങ്ങൾ ലംഘിച്ചതിന് കസ്റ്റഡിയിൽ എടുത്ത 20,537 പേരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് ബന്ധപ്പെട്ട എംബസി, കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. യത്രരേഖകൾ ശരിയാക്കിയ 2,484 പേരെ സൗദിയിൽനിന്നും തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ 15,402 പേരെ ഇതിനകം സ്വദേശത്തേക്ക് തിരിച്ചയച്ചിട്ടുമുണ്ട്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയും, അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്നവർക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും, ഗതാഗത സൗകര്യം നൽകിയ വാഹനങ്ങളും താമസത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.