തിരുവനന്തപുരം: രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ പാർവതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാൻ ആണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തിൽ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ കർശനമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നോക്കുകൂലി അടക്കമുള്ള അനഭിലഷണീയമായ പ്രവണതകൾക്കെതിരെ സർക്കാർ ഉത്തരവിലൂടെ തന്നെ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. 511/2018/തൊഴിൽ - സർക്കാർ ഉത്തരവ് പ്രകാരം അമിത കൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും വിലക്കിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ രാജ്യത്തിന് വഴികാട്ടിയാണ് കേരളം. ലോകമെങ്ങും തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും മാറ്റിവെയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരളം മികച്ച തൊഴിലാളി-തൊഴിലുടമാ ബന്ധം ഉറപ്പാക്കുകയും തൊഴിലിട സൗഹൃദ സംസ്‌കാരം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത്. കേരളം രാജ്യത്ത് ആദ്യമായി തൊഴിൽ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ്. സംതൃപ്തവും ഉത്സാഹഭരിതവുമായ തൊഴിൽ മേഖല സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും പൂർണമായും പിന്തുണ നൽകുന്നു. വികസന സൗഹൃദ തൊഴിൽ സംസ്‌കാരം ഉറപ്പാക്കുന്നതിലൂടെയും തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെയും കേരളം സുസ്ഥിര വികസനത്തിന് മാതൃകയായി മാറിയിരിക്കുന്നു.