തിരുവനന്തപുരം: അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവ്(46) കോടികള്‍ സമ്പാദിച്ചത് തീവ്രവാദ സംഘടനകളില്‍നിന്ന്. തട്ടിപ്പിനായി ഗാരന്റെക്സ്, ക്രിപ്റ്റോ മാക്‌സ് എന്നീ രണ്ടു കമ്പനികളാണ് ഇയാള്‍ നടത്തിയിരുന്നത്. മോസ്‌കോയിലാണ് ഗാരന്റെക്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഗോഡ്, താലിബാന്‍, ഡ്രഗ്, ഹാക്കര്‍, ക്യാഷ് ഔട്ട്, ക്ലീന്‍ കോയിന്‍സ് തുടങ്ങിയവയാണ് ഇയാള്‍ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന പേരുകള്‍. തട്ടിപ്പിന്റെ രീതിയനുസരിച്ചാണ് പേരുകള്‍ നല്‍കിയിരുന്നത്.
96 ബില്യണ്‍ ഡോളര്‍, അതായത് എട്ട് ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ തട്ടിപ്പാണ് 2019 മുതലുള്ള ആറു വര്‍ഷംകൊണ്ട് ഇയാള്‍ നടത്തിയത്. യുഎഇയില്‍ താമസിക്കുന്ന റഷ്യന്‍ പൗരനായ അലക്‌സാണ്ടര്‍ മിറസെര്‍ദയും ലിത്വാനിയന്‍ പൗരനായ അലക്‌സേജ് ബെസിയോക്കോവും ചേര്‍ന്നാണ് ഗാരന്റെക്‌സ് എന്ന കമ്പനി നടത്തിയിരുന്നത്. കമ്പനിയുടെ പൂര്‍ണ ചുമതല അലക്സേജിനായിരുന്നു. പണമിടപാടുകള്‍ നടത്തിയതും ഇയാളാണ്. ഡാര്‍ക്ക്നെറ്റ് വഴിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയത്.
ആദ്യ കമ്പനിയില്‍ നിരീക്ഷണം വരുന്നുവെന്നു തോന്നിയപ്പോള്‍ തട്ടിപ്പിനായി ക്രിപ്റ്റോ മാക്സ് എന്ന ഒരു കമ്പനികൂടി തുടങ്ങി. യുഎസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി മറ്റു രാജ്യങ്ങളുടെ ക്രിപ്‌റ്റോ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഹാക്കിങ്, തീവ്രവാദപ്രവര്‍ത്തനം, ലഹരി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ വഴിയായിരുന്നു തട്ടിപ്പ്.
റഷ്യയിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം നേരത്തേ ഗാരന്റെക്‌സിനെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, വ്യാജരേഖകള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കി ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അലക്സാണ്ടര്‍ മിറ സെര്‍ദയുടെ പേരിലുള്ള രേഖകളാണ് അലക്സേജ് ഹാജരാക്കിയത്.
ഈ മാസം ആറിന് ഗാരന്റെക്‌സിന്റെ മൂന്ന് വെബ്‌സൈറ്റുകള്‍ക്കെതിരേ അമേരിക്ക നടപടിയെടുത്തു. ജര്‍മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇയാളുടെ കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം കോടി രൂപ കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ കൈമറാന്‍ അമേരിക്ക സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ ഒളിവില്‍ താമസിച്ച അലക്സേജിനെ പിടികൂടി കൈമാറാന്‍ നടപടിയെടുത്തത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അലക്സേജിന്റെ വിവരങ്ങള്‍ സിബിഐക്കാണ് കൈമാറിയത്. സിബിഐയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍ കേരള പോലീസ് പരിശോധന നടത്തിയത്.
20 വര്‍ഷം വീതം തടവുശിക്ഷ കിട്ടാവുന്ന രണ്ടു കുറ്റകൃത്യങ്ങളിലും അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ഒരു കുറ്റകൃത്യത്തിനുമാണ് അമേരിക്കയില്‍ ഇയാളുടെ പേരില്‍ കേസുള്ളത്.