ഹൈദരാബാദ്: തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കടബാധ്യതയും മറ്റ് ഘടകങ്ങളും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തന്റെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്ന് 4,000 കോടിയുടെ വായ്പയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയതെന്നും അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ചത്.
എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെങ്കിലും, പണ ലഭ്യതയിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ഉള്‍പ്പെടെയുള്ളവ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
'എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടായിത്തീരുന്നു. നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.... എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വാങ്ങി സര്‍ക്കാരിനെ സേവിക്കാന്‍. ഡിഎ ഇപ്പോൾ ചോദിക്കരുത്. ചിലപ്പോള്‍, റിസര്‍വ് ബാങ്കില്‍ നിന്ന് നമുക്ക് ഒരു ഹാന്‍ഡ് ലോണ്‍ എടുക്കേണ്ടി വരും... ഞാന്‍ ആദ്യം 4,000 കോടി രൂപ വായ്പയെടുത്താണ് ശമ്പളം നല്‍കിയത്' രേവന്ത് റെഡ്ഡി പറഞ്ഞു.
ഈ സര്‍ക്കാര്‍ നിങ്ങളുടേതാണ്. എല്ലാ കണക്കുകളും നിങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തും. എന്ത് നല്‍കണമെന്നും എന്ത് തടഞ്ഞുവയ്ക്കണമെന്നും നിങ്ങള്‍ തീരുമാനിക്കുക- സര്‍ക്കാര്‍ ജീവനക്കാരോടായി തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
ഡിഎയും മറ്റു ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണെങ്കിലും അത് ഇപ്പോള്‍ വേണമെന്ന് പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന സര്‍ക്കാര്‍ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് രേവന്ത് റെഡ്ഡി മുമ്പ് പറഞ്ഞിരുന്നു. പ്രതിമാസം 18,500 കോടി രൂപ വരെ തെലങ്കാന സര്‍ക്കാര്‍ വരുമാനമുണ്ടാക്കുന്നുണ്ട്. ഇതില്‍ ശമ്പളത്തിനും പെന്‍ഷനും മാത്രമായി 6500 കോടി രൂപ നീക്കിവെക്കണം. മറ്റൊരു 6500 കോടി എല്ലാ മാസവും ബിആര്‍എസ് സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കടംവീട്ടാനും പലിശ നല്‍കാനുമായി നീക്കിവെക്കേണ്ടതുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 5000 കോടി രൂപയോളം മാത്രമാണ് ശേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.