തൃശ്ശൂരിൽ ഗുണ്ടാ ആക്രമണം: വീട്ടമ്മയ്ക്ക് വെട്ടേറ്റു


തൃശ്ശൂർ: താന്ന്യത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണിവർക്ക് വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ കയറിച്ചെന്നു. തുടർന്ന് സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. മകനെ ഉപദ്രവിക്കുന്നത് തടുക്കുന്നതിനായാണ് ലീല ഇവിടേക്കെത്തിയത്. ഇതോടെ അക്രമികൾ ലീലയുടെനേരെ തിരിഞ്ഞു. തുടർന്ന് നടന്ന അക്രമത്തിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്.
വടിവാളുകളുമായി ബൈക്കിലെത്തിയ മൂന്നുപേർ റോഡിലൂടെ ഇറങ്ങിനടക്കുന്നുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാളെ തേടിയാണ് അക്രമികൾ എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളുടെ താന്ന്യം തോട്ടാൻചിറയിലെ വീട്ടിലും അക്രമിസംഘം എത്തിയിരുന്നെന്നാണ് വിവരം.
പ്രതികൾക്കായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെമ്മാപ്പള്ളി ഭാഗത്തുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഇവർ നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال