ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയായ രേവതി, മാധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്കാണ് ഹൈദരാബാദിലെ നംപള്ളി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഏറെ വിവാദമായിരുന്നു.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിയ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തതിനാണ് രേവതിയേയും തന്‍വിയേയും പോലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ വീടുവളഞ്ഞാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ശേഷം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇവര്‍ ജാമ്യം തേടി മംപള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 25,000 രൂപയുടെ ജാമ്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.
കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രേവതിയേയും തന്‍വിയേയും കസ്റ്റഡിയില്‍ വേണം എന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും നിരന്തരം സംസാരിക്കുകയും ചെയ്യുന്ന പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തകരും ബിആര്‍എസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വലിയ പ്രതിഷേധങ്ങളുമായി രംഗത്തുവന്നിരുന്നു. രേവതിക്കും തന്‍വിക്കും ജാമ്യം ലഭിച്ചതിനെ സംബന്ധിച്ച് പോലീസിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.