ട്രെഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ യന്ത്ര സാമഗ്രികൾ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചു കൊണ്ടാണ് കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്കരണ പ്ലാൻ്റായി ഉപയോഗിച്ചിരുന്ന ഭൂമി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഭൂമിയായി തിരിച്ചെടുക്കാനാവും. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 11.40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ തന്നെ മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്നത്. ബയോ മൈനിങ് പ്രക്രിയ പൂർത്തിയാകുന്നതോടുകൂടി തിരികെ ലഭിക്കുന്ന ഭൂമിയിൽ കാലാനുസൃതമായ പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള ആസൂത്രണവും നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നുണ്ട്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി വിവിധ കോർപ്പറേഷൻ, നഗരസഭകളിലായി നടപ്പിലാക്കുന്ന 22 പദ്ധതികളിൽ ആദ്യമായി പദ്ധതി പൂർത്തീകരിക്കപ്പെടുന്നത് മലപ്പുറം നഗരസഭയിലാണ്.

ബയോമൈനിംഗ് പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് സമീപ സംസ്ഥാനങ്ങളിലെ സിമൻ്റ് ഫാക്ടറികളിലേക്ക് ഉൾപ്പെടെ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മലപ്പുറം നഗരസഭ സർവ്വ മേഖലകളിലും മാതൃകാപരമായ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ആരോഗ്യ മേഖലയിലും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതികൾക്ക് പുറമെ മാലിന്യ സംസ്കരണ രംഗത്തും നഗരസഭ അഭിമാനകരമായ മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
.jpg)
