തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ പരോളിലിറങ്ങിയ കൊടി സുനി ബുധനാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽ ഹാജരാകണം. സുനി പ്രതിയായ ഇരട്ടക്കൊലക്കേസ് വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(മൂന്ന്)യിൽ നടക്കുന്നതിനാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതിയുത്തരവ്.
പരോൾ കാലാവധി ബുധനാഴ്ച കഴിയുന്ന സുനി തവനൂർ സെൻട്രൽ ജയിലിലാണ് ഹാജരാകേണ്ടിയിരുന്നത്. രാവിലെ ഒൻപതിന് കണ്ണൂർ ജയിലിൽ ഹാജരാകുന്ന സുനിയെ 11-ന് തലശ്ശേരി കോടതിയിൽ ഹാജരാക്കണം.
കണ്ണൂരിൽ ഹാജരായ വിവരം തവനൂർ ജയിലിൽ അറിയിക്കാനും കോടതി നിർദേശിച്ചു. ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സുനി.
കേസിൽ ഒന്നാംസാക്ഷി ഒ.പി.രജീഷിനെ ചൊവ്വാഴ്ച വിസ്തരിച്ചു. ആറുപ്രതികളെയും ആയുധവും സാക്ഷി തിരിച്ചറിഞ്ഞു. ജഡ്ജി റൂബി കെ.ജോസ് മുമ്പാകെ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം. പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. രണ്ടുപേർ സംഭവശേഷം മരിച്ചു. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിൽവെച്ചാണ് കൊലപാതകം.