കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. 'കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പോസ്റ്ററിൽ പരാമർശം ഇല്ല.
'അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട'- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ആത്മഹത്യാ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎൽഎയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. രണ്ടും മൂന്നും പ്രതികൾ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ്.