ചെന്നൈ: കൂടുതൽ ആധുനികമായ അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (എൻജിഎൽവി) രൂപകൽപനയും നിർമാണവുമായി ഐഎസ്ആർഒ മുന്നോട്ടു പോവുകയാണെന്ന് ചെയർമാൻ ഡോ.വി.നാരായണൻ. ഭൂമിയിൽ തിരിച്ചെത്തിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണിത്. 1,000 ടൺ ഭാരവും 91 മീറ്റർ ഉയരവുമുണ്ടാകും. നിലവിലെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3ന് 43 മീറ്ററാണ് ഉയരം. 20 ടൺ ഭാരമുള്ള പേലോഡുകൾ താഴ്ന്ന ഭ്രമണപഥത്തിലേക്കോ 10 ടൺ പേലോഡ് ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്കോ വഹിക്കാൻ കഴിയുന്നവയാണിവ.
സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്കു സമാനമായി, പുനരുപയോഗം സാധ്യമാക്കിയാണ് എൻജിഎൽവി വിക്ഷേപണങ്ങളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുക. വിക്ഷേപണ ചെലവ് ഗണ്യമായി കുറയ്ക്കുകയും ബൂസ്റ്ററിന്റെ പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യും. മഹേന്ദ്രഗിരിയിൽ അടുത്തിടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും വി.നാരായണൻ പറഞ്ഞു.

ചന്ദ്രയാൻ 4, 5 അടക്കമുള്ള വിക്ഷേപണങ്ങളും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്രാ ശ്രമങ്ങളും ഉൾപ്പെടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാകും എൻജിഎൽവിയുടെ നിർമാണം. 4,000 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന മൂന്നാം വിക്ഷേപണത്തറയാകും ഇത്തരം വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുക. ഇതുവരെ, ഐഎസ്ആർഒ 6 തലമുറകളായുള്ള വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. 46 വർഷത്തിനിടെ നടന്ന 100 വിക്ഷേപണങ്ങൾ വഴി 548 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. അടുത്ത 5 വർഷത്തിൽ 100 വിക്ഷേപണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
