ഗോൾ: ശ്രീലങ്കക്കെതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ടെസ്റ്റ് കരിയറിൽ 10000 റൺസ് തികച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തി മുൻ നായകൻ റിക്കി പോണ്ടിംഗ്. 35-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്തിനെ ഈ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നതിനെ ആരും എതിർക്കുമെന്ന് കരുതുന്നില്ലെന്ന് പോണ്ടിംഗ് പറഞ്ഞു.
സ്മിത്തിനെ ഇനി ഈ തലമുറയിലെ മികച്ച താരമെന്ന് പറഞ്ഞാൽ ആരെങ്കിലും തർക്കിക്കുമെന്ന് തോന്നുന്നില്ല. ജോ റൂട്ടാണ് മറ്റൊരു താരം. കെയ്ൻ വില്യംസണിന്റെ റെക്കോർഡും മികച്ചതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളൽ ജോ റൂട്ട് അവിശ്വസനീയമായാണ് കളിക്കുന്നത്. അഞ്ചോ ആറോ വർഷം മുമ്പ് വരെ വിരാട് കോലിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് ജോ റൂട്ട് ഇവരുടെ കൂട്ടത്തിൽ ഏറ്റവും താഴെയായിരുന്നു. കാരണം, മറ്റ് മൂന്ന് താരങ്ങളുടെയത്രയും സെഞ്ചുറികളില്ലായിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടെ 19 സെഞ്ചുറികളാണ് റൂട്ട് അടിച്ചുകൂട്ടിയത്.
അതുകൊണ്ട് തന്നെ മികച്ച താരമാരാണെന്ന് ഇംഗ്ലീഷുകാരോട് ചോദിച്ചാൽ റൂട്ട് എന്നും ന്യൂസിലൻ ഡുകാരോട് ചോദിച്ചാൽ വില്യംസണെന്നും ഓസ്‌ട്രേലിയക്കാരോട് ചോദിച്ചാൽ സ്മിത്തെന്നുമാകും ഉത്തരം. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ കണക്കുകൾ മാത്രം നോക്കിയാൽ അവൻ തന്നെയാണ് മികച്ച താരമെന്ന് വ്യക്തമാവുമെന്നും പോണ്ടിംഗ് പറഞ്ഞു.

