ബംഗളൂരു: ഏറെ വിവാദമായ രേണുകസ്വാമി വധക്കേസിൽ കന്നട നടൻ ദർശനും കൂടെയുള്ളവർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി കർണാടക സർക്കാർ.
കേസിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയെ പ്രത്യേക അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ (എസ്.എൽ.പി) ഫയൽ ചെയ്യാൻ സംസ്ഥാനം അനുമതി നൽകിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
എസ്.എൽ.പിക്ക് ആവശ്യമായ രേഖകൾ തയാറാക്കാൻ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറെയും ചുമതലപ്പെടുത്തി. 131 ദിവസത്തെ കസ്റ്റഡിക്കുശേഷം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ 30നായിരുന്നു ദർശൻ താൽക്കാലിക ജാമ്യത്തിലിറങ്ങിയത്. പിന്നീട് ഡിസംബർ 13ന് ഹൈക്കോടതി കേസിലെ പ്രതികളായ എല്ലാവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കാമാക്ഷി പാളയയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലാവുന്നത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ബംഗളൂരു പൊലീസ് 3991 പേജുള്ള കുറ്റപത്രം തയാറാക്കിയിരുന്നു.