കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബിയാണ് വീടുകളുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഇന്ന് ഉണ്ടാകും.ഊരാളുങ്കൽ സൊസൈറ്റി അടക്കം സർക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം നൽകിയ സ്‌പോൺസർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഉച്ചയ്ക്ക് നേരിട്ട് ചർച്ച നടത്തും.
കർണ്ണാടക സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും ഡിവൈഎഫ്‌ഐയുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുക്കും. ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് അത് വേഗത്തിലാക്കാൻ എന്ത് ചെയ്യണമെന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിക്കും.