മുനമ്പം ഭൂമി തര്‍ക്കവിഷയം: സിവില്‍ കോടതിയേയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി


കൊച്ചി: മുനമ്പം ഭൂമി തര്‍ക്കവിഷയത്തില്‍ സിവില്‍ കോടതിയേയാണ് സമീപിക്കേണ്ടതെന്നും കുടിയിറക്കലിനെതിരേ മുനമ്പം നിവാസികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കി കൊണ്ട് സ്റ്റേ അനുവദിക്കാമെന്നും ഹൈക്കോടതി. വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശം.

ഭൂമി തര്‍ക്കം ഹൈക്കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. സിവില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മുനമ്പത്തുകാര്‍ക്ക് സംരക്ഷണം നല്‍കി കൊണ്ട് കുടിയിറക്കലിന് ഇടക്കാല സ്റ്റേ നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വികര്‍ വാങ്ങിയതാണെന്നും വഖഫ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത് സംബന്ധിച്ച് വാക്കാലുള്ള നിരീക്ഷണത്തിനപ്പുറം കോടതി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഹര്‍ജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال