കൊല്ലം : ചെമ്മാൻമുക്കിൽ ചൊവ്വാഴ്ച രാത്രി ഭർത്താവ് കാർ തടഞ്ഞ് തീകൊളുത്തി ഭാര്യയെ കൊലപ്പെടുത്തിയ സംഭവം അപകടമാണെന്നാണ് ആദ്യം ദൃക്സാക്ഷികൾ കരുതിയത്. അപകടത്തെത്തുടർന്ന് കാറുകൾ കത്തിയെന്ന് അവർ സംശയിച്ചു. രണ്ടു കാറുകൾ കൂട്ടിമുട്ടി തീപ്പൊരി ഉയർന്നതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകമാണെന്ന് മനസ്സിലായത്.
‘ഒരു തീനാളം കണ്ടു. അരനിമിഷംകൊണ്ട് അത് അഗ്നിഗോളമായി. ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന സ്ത്രീയുടെ ദേഹമാകെ തീപടർന്നിരുന്നു. അവർ ഉറക്കെ നിലവിളിച്ചു. രക്ഷിക്കാനായി ഞാൻ അടുത്തേക്കോടി. പക്ഷേ, 10 മീറ്റർ ദൂരെപ്പോലും എത്താനാകാത്തവിധം ചൂടായിരുന്നു. ഇടതുവശത്തെ സീറ്റിലിരുന്ന ചെറുപ്പക്കാരൻ ഡോർ തുറന്ന് ഇറങ്ങുന്നതു കണ്ടു. അയാൾ പേടിച്ച് എങ്ങോട്ടോ ഓടിമറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാൾ പരാക്രമത്തോടെ ഓടിപ്പോയി. ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു’-കത്തിയമർന്ന കാറുകളുടെ എതിർദിശയിൽ വണ്ടിയോടിച്ചു വന്ന പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഇർഷാദ് പറഞ്ഞു. അഗ്നിരക്ഷാസേന വന്ന് തീ കെടുത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. രണ്ടു കാറുകളും പൂർണമായും കത്തിനശിച്ചു. അനിലയുടെ കാറിൽ പച്ചക്കറിയും പഴവുമെല്ലാമുണ്ടായിരുന്നു. പദ്മരാജൻ ഓടിച്ചുവന്ന കാറിൽ പെട്രോൾ കൊണ്ടുവന്ന ബക്കറ്റ് കത്തിയമർന്നനിലയിലാണ്.
എല്ലാ പ്രശ്നങ്ങളും തീർപ്പാക്കി, പക്ഷേ...
:അടുത്തിടെയാണ് അനില, നായേഴ്സ് ആശുപത്രിക്കു സമീപം ബേക്കറി തുടങ്ങിയത്. ഇതിൽ കടപ്പാക്കട സ്വദേശിയായ യുവാവ് പങ്കാളിയായിരുന്നു. തുടക്കംമുതലേ പദ്‌മരാജൻ ഇതിനെ എതിർത്തു. ഇതിനിടെ യുവാവും പദ്‌മരാജനും തമ്മിൽ വാക്കേറ്റമുണ്ടായി.
കഴിഞ്ഞദിവസം െെകയാങ്കളിയായി. ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം സാജൻ സംഭവത്തിൽ മധ്യസ്ഥത വഹിച്ചു. ഒടുവിൽ തന്റെ മൂലധനമായ ഒന്നരലക്ഷം രൂപ നൽകിയാൽ പിരിഞ്ഞുപോകാമെന്ന് യുവാവ് പറഞ്ഞു.
ഈമാസം പത്തിന് പണം നൽകാമെന്ന് പദ്‌മരാജൻ സമ്മതിച്ചു. ഇങ്ങനെ ചൊവ്വാഴ്ച ഉച്ചയോടെ ഈ പ്രശ്നം രമ്യമായി പരിഹരിച്ചു. ‘തർക്കങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പറഞ്ഞുതീർത്തതാണ്. പക്ഷേ, മണിക്കൂറുകൾക്കകം കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്നറിയില്ല.’-ഗ്രാമപ്പഞ്ചായത്ത് അംഗം സാജൻ പറഞ്ഞു.