സ്വപ്‌നങ്ങള്‍ക്ക് പ്രായം ഒരു തടസമല്ല: 102 വയസ്സിൽ ലോകം ചുറ്റി ദൊറോത്തി സ്മിത്ത്


യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു മനുഷ്യായുസ് തികയുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും ഒരുപക്ഷേ കൂടുതല്‍. എന്നാല്‍ യാത്രാ സ്വപ്‌നങ്ങള്‍ക്ക് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് 102-കാരിയായ ദൊറോത്തി സ്മിത്ത്. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ദൊറോത്തി, ഇതോടെ ഏഴ് ഭൂഖണ്ഡങ്ങളും സന്ദര്‍ശിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡും സ്വന്തമാക്കി. ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ദൊറോത്തിയെ സഹായിച്ചത് 'യെസ് തിയറി' എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളായ അമ്മാര്‍ കാന്‍ഡിലും സ്റ്റഫാന്‍ ടെയ്‌ലറുമാണ്. 93 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് യെസ് തിയറി.

ഒക്ടോബറില്‍ കാലിഫോര്‍ണിയയിലെ മില്‍ വാലിയിലെ റെഡ്വുഡ്സ് റിട്ടയര്‍മെന്റ് വില്ലേജ് സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും ദൊറോത്തിലെ കണ്ട് പരിചയപ്പെടുന്നത്. സംസാരത്തിനിടെ കാന്‍ഡിലും ടെയ്‌ലറും ദൊറോത്തിക്ക് യാത്രയോടുള്ള ഇഷ്ടവും അഭിനിവേശവും മനസ്സിലാക്കി. ഏഴ് ഭൂഖണ്ഡങ്ങളും കാണാനുള്ള ആഗ്രഹവും അവര്‍ ഇവരോട് വെളിപ്പെടുത്തി.
നേരത്തേ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, യൂറോപ്പ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ദൊറോത്തി ഇതുവരെ ഓസ്‌ട്രേലിയയില്‍ പോയിട്ടുണ്ടായിരുന്നില്ല. ഇതോടെ ആ ദൗത്യം കാന്‍ഡിലും ടെയ്ലറും അങ്ങ് ഏറ്റെടുക്കുകയായിരുന്നു. ദൊറോത്തിയുടെ ഓസ്ട്രേലിയ സന്ദര്‍ശനത്തിന്റെ പദ്ധതി തയ്യാറാക്കാന്‍ ഇരുവരും ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു. അങ്ങനെ ഒടുവില്‍ കഴിഞ്ഞയാഴ്ച സ്മിത്തും മകള്‍ അഡ്രിയെന്നും സിഡ്നിയിലേക്ക് പറന്നു. കാന്‍ഡിലും ടെയ്ലറും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
ക്വാന്‍ഡാസ് വിമാനത്തില്‍ ബിസിനസ് ക്ലാസിലായിരുന്നു 102-കാരിയുടെ യാത്ര. ടേക്ക് ഓഫിന് മുമ്പ് പൈലറ്റുമാരും മറ്റ് ക്രൂ അംഗങ്ങളും ദൊറോത്തിയെ അഭിനന്ദിക്കാനെത്തിയിരുന്നു. അങ്ങനെ സിഡ്‌നി ഹാര്‍ബര്‍ ക്രൂയിസും ഓപ്പറ ഹൗസും ബോണ്ടി ബീച്ചും സിഡ്‌നി മൃഗശാലയും ബൊട്ടാണിക് ഗാര്‍ഡനും ആര്‍ട്ട് മ്യൂസിയവുമെല്ലാം സന്ദര്‍ശിച്ച് ദൊറോത്തി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.
''യാത്രകള്‍ എനിക്ക് പ്രധാനമാണ്, കാരണം അതൊരു വലിയ ലോകമാണ്, ഓരോ രാജ്യവും വ്യത്യസ്തവും വ്യത്യസ്തമായ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതുമാണ്. എനിക്ക് അവരെയെല്ലാം കാണണം, ഒന്നും നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' - ദൊറോത്തി പറയുന്നു.
RELATED STORIES
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال