ഒറിഗൺ: അമേരിക്കയിലെ ഒറിഗൺ തീരത്തിനടുത്ത് കടലിനടിയിൽ അഗ്‌നിപർവ്വത സ്‌ഫോടനത്തിന് 2025ൽ സാധ്യത എന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗൺ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആക്‌സിയൽ സീമൗണ്ട് അഗ്‌നപർവതത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
ഒറിഗൺ തീരത്തെ കടലിനടിയിലുള്ള ആക്‌സിയൽ സീമൗണ്ട് അഗ്‌നിപർവതത്തിലെ ഗ്രൗണ്ട് ഡിഫോർമേഷൻ, ഉയർന്ന ഭൂകമ്പ പ്രവർത്തനം, ഉപരിതലത്തിനടിയിൽ മാഗ്മ അടിഞ്ഞുകൂടൽ എന്നിവയിൽ നിന്നുള്ള സൂചനകൾ പ്രകാരമാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2025ൽ ഈ സമുദ്രാന്തർ അഗ്‌നിപർവതം പൊട്ടിത്തെറിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് സംബന്ധിച്ചുള്ള നിഗമനങ്ങൾ അമേരിക്കൻ ജിയോഗ്രഫിക്കൽ യൂണിയൻ സമ്മേളനത്തിൽ ഗവേഷകർ അവതരിപ്പിച്ചു. ജനവാസ മേഖലകളെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലാത്ത അഗ്‌നിപർവതമാണ് എന്നതിനാൽ വലിയ ആശങ്കകൾക്ക് അടിസ്ഥാനമില്ല.
അഗ്‌നിപർവത സ്‌ഫോടനങ്ങൾ പ്രവചിക്കുന്നതിലെ നാഴികക്കല്ലാകും ആക്‌സിയൽ സീമൗണ്ടിലെ പഠനമെന്നാണ് അനുമാനം. അഗ്‌നിപർവത സ്‌ഫോടനങ്ങൾ ഏറ്റവും കൃത്യമായി പ്രവചിക്കാനുള്ള സാധ്യതയാണ് ആക്‌സിയൽ സീമൗണ്ട് പഠനത്തിലൂടെ ഗവേഷകർ കാണുന്നത്. കടലിന്റെ ഉപരിതലത്തിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഉപകരണങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ പ്രവചനം നടത്തിയിരിക്കുന്നത്. ആക്‌സിയൽ സീമൗണ്ടിൽ 2015ലെ പൊട്ടിത്തെറിക്ക് മുമ്പുണ്ടായ അതേ സൂചനകൾ ഇപ്പോഴും പ്രത്യക്ഷപ്പെട്ടതായി ഗവേഷകർ നിരീക്ഷിക്കുന്നു.
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സമുദ്രാന്തർ ഷീൽഡ് അഗ്‌നിപർവതമാണ് ആക്‌സിയൽ സീമൗണ്ട്. ഒറിഗണിലെ കാന്നോൻ ബീച്ചിൽ നിന്ന് 480 കിലോമീറ്റർ അകലെയാണ് ഈ അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്. ആയിരം മീറ്ററിലധികമാണ് ഈ അഗ്‌നിപർവതത്തിന്റെ ഉയരം. 2015ലാണ് ഈ അഗ്‌നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത്.