തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായതായി റിപ്പോർട്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണർ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്.
അതേസമയം സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചിരുന്നു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്.
അതേസമയം ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാൻ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നത്.

