പത്തനംതിട്ട: ട്രെയിനില്‍ വൃദ്ധ മലയാളി ദമ്പതികളെ ബോധം കെടുത്തി ബാഗും സ്വര്‍ണ്ണാഭരണങ്ങളും ഫോണുകളും കൊള്ളയടിച്ചു. വെള്ളിയാഴ്ച്ച രാത്രി കൊല്ലം വിശാഖപട്ടണം ട്രെയിനിലാണ് സംഭവം നടന്നത്. പത്തനംതിട്ട തലച്ചിറ സ്വദേശികളായ രാജീവ്, മറിയാമ്മ ദമ്പതികളെയാണ് ബോധം കെടുത്തി കവര്‍ച്ച നടത്തിയത്. ദമ്പതികള്‍ക്ക് 70-നോട് അടുത്താണ് പ്രായം. ബോധരഹിതരായ നിലയിൽ ഇവരെ റെയില്‍വേ പോലീസ് കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രി കൊല്ലം വിശാഖപട്ടണം ട്രെയിനില്‍ ഇവര്‍ കായംകുളത്തുനിന്ന് കയറി. 8.30നാണ് യാത്ര ആരംഭിച്ചത്. ഭക്ഷണം കഴിച്ച് വൈകാതെ തന്നെ ഇരുവരും കിടന്നിരുന്നു. രാത്രി മറിയാമ്മയ്ക്ക് ചുമ അനുഭവപ്പെട്ടപ്പോള്‍ ബെര്‍ത്തിനരികില്‍ സൂക്ഷിച്ചിരുന്ന ഇവരുടെ ഫ്‌ളാസ്‌കിലെ വെള്ളം കുടിക്കുകയായിരുന്നു. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
ഹൊസൂരിലാണ് ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ബോധരഹിതരായ ഇവര്‍ക്ക് സ്‌റ്റേഷനില്‍ ഇറങ്ങാനായില്ല.
മാതാപിതാക്കളെ കാണാഞ്ഞ് സ്റ്റേഷനില്‍ കാത്തുനിന്ന ഇവരുടെ മകനാണ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സമീപത്തുണ്ടായിരുന്ന വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

