ജിദ്ദ: ട്രാഫിക് പിഴകൾ അടച്ചു തീർക്കാൻ ബാക്കിയുള്ളവർക്കുള്ള 50 ശതമാനം ഗ്രേസ് പിരീഡ് ഉടൻ അവസാനിക്കും. നേരത്തെ ആറുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. ആറ് മാസക്കാലത്തേക്കു അനുവദിച്ച ഗ്രേസ് പിരീഡ് ഒക്ടോബർ 18 വെള്ളിയാഴ്ചയോടെ അവസാനിക്കും. നിർദേശിച്ച സമയത്തിനുള്ളിൽ പിഴ അടക്കുന്നവർക്കു പിഴയുടെ അമ്പതു ശതമാനം മാത്രം അടച്ചാൽ മതിയെന്നു അധികൃതർ അറിയിച്ചിരുന്നു. സൽമാൻ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് ഇത് നടപ്പാക്കി വരുന്നത്.

2024 ഏപ്രിൽ 18-ന് മുമ്പ് നടത്തിയ എല്ലാ ലംഘനങ്ങൾക്കും ഈ കാലാവധിക്കുള്ളിൽ ആനുകൂല്യം ലഭിക്കുന്നുണ്ട്. 2024 ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെ ആറ് മാസകാലാവധിയാണ് പിഴ അടക്കുന്നവർക്കുള്ള ആനുകൂല്യം അനുവദിച്ചത്. ഓരോ ട്രാഫിക് നിയ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയോ പിഴ അടയ്ക്കൽ അനുവദനീയമാണ്.
ഗ്രേസ് പിരീഡ് ആരംഭിക്കുന്നതിൻ്റെ തലേദിവസം വരെ രേഖപ്പെടുത്തിയ എല്ലാ ലംഘനങ്ങൾക്കും അനുകൂല്യമുണ്ട്. സൗദികൾക്കും പ്രവാസികൾ, സന്ദർശകർ, ജി.സി.സി. പൗരന്മാർ എന്നിവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ രാജകീയ ഉത്തരവ് അനുസരിച്ചു വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസം, മയക്കുമരുനടക്കമുള്ള നിരോധിത വസ്തുക്കളുമായോ ഉപയോഗിച്ചോ വാഹനമോടിക്കുക, നിർദിഷ്ട സ്ഥലങ്ങളിൽ അമിത വേഗതയിൽ വാഹനമോടിക്കുക എന്നീ കുറ്റങ്ങളുടെ പിഴയിൽ ഇളവ് അനുവദിക്കില്ലെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.
