മുണ്ടക്കൈ ദുരന്തം ; ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ ഇന്ന് തിരച്ചില്‍ നടത്തുന്നു. എന്‍.ഡി.ആര്‍.എഫ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, അഗ്‌നിരക്ഷാസേന, വനം വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, ചാമ്പ്യന്‍സ് ക്ലബ് അംഗങ്ങള്‍, തദ്ദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക തിരച്ചില്‍ സംഘം രൂപീകരിച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ആഗസ്റ്റ് 30നകം താത്കാലിക പുനരധിവാസം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ. നാസര്‍ മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടായിരുന്ന 728 കുടുംബങ്ങള്‍ക്കും താമസസൗകര്യം ലഭിച്ചു.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തമായി കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്കായി 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മാറി താമസിച്ചത്. ഇവരുടെ താമസ സ്ഥലങ്ങളിലേക്ക് 'ബാക്ക് ടു ഹോം' കിറ്റുകളും ജില്ലാ ഭരണകൂടം എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

ഫര്‍ണീച്ചര്‍ കിറ്റ്, ഷെല്‍ട്ടര്‍ കിറ്റ്, കിച്ചണ്‍ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണല്‍ ഹൈജീന്‍ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയാണ് 'ബാക്ക് ടു ഹോം' കിറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തബാധിത കുടുംബങ്ങളില്‍ തൊഴില്‍ രഹിതരായ ഒരാള്‍ക്ക് ദിവസവും 300 രൂപ വീതം പരമാവധി രണ്ട് പേര്‍ക്ക് പ്രതിമാസം 18,000 രൂപ ധനസഹായം നല്‍കും. കൂടാതെ, സര്‍ക്കാര്‍ പ്രഖ്യാപിച്ച 6,000 രൂപ വാടക സഹായവും ലഭിക്കും.

താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് നേരിടുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും. അന്തിമ പുനരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയില്‍ സര്‍ക്കാര്‍ നടപ്പാക്കും. ജനങ്ങള്‍ പങ്കുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും പുനരധിവാസ പാക്കേജിന് രൂപം നല്‍കുക.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആഗസ്റ്റ് 27 മുതല്‍ പഠനം ആരംഭിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ജൂലൈ 30 മുതല്‍ നൂറോളം കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചിരുന്നു. താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായാണ് മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചത്, ഇതിനു ശേഷമാണ് സ്‌കൂളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال