ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കി.


കൊല്‍ക്കത്ത ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സി.ബി.ഐ. അന്വേഷണം ആരംഭിച്ചു.

ഇയാള്‍ക്കെതിരായ അഴിമതി ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യപ്രതി സഞ്ജയ് റോയ്, മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരുള്‍പ്പെടെ 7 പേര്‍ക്ക് നുണപരിശോധന നടത്തി വരികയാണ്.

ദില്ലിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പോളിഗ്രാഫ് വിദഗ്ധര്‍ ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ഈ സംഭവത്തില്‍ മമതാ സര്‍ക്കാര്‍ പ്രതിയെയും പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിഷേധം ശക്തമാകുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണമുണ്ട്.

കേസില്‍ സുപ്രീംകോടതി മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും, ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ശിക്ഷിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് താക്കീത് നല്‍കുകയും ചെയ്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال