ലോസാൻ (സ്വിറ്റ്‌സർലൻഡ്): ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ സീസണിലെ മികച്ച ദൂരം(89.49 മീറ്റർ) കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യൻ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റർ) ഒന്നാം സ്ഥാനം നേടി.
ജർമനിയുടെ ജൂലിയൻ വെബർ (87.08) മൂന്നാമതായി. തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്‌സിൽ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.
എങ്കിലും ഇപ്പോഴും 90 മീറ്റർ എന്നത് നീരജിന് മുന്നിൽ പിടികൊടുക്കാതെ നിൽക്കുന്നു. ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് ഇത്തവണ രണ്ടാമതെത്തിയിരുന്നു. പാരീസിൽ ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീം ലോസാനിൽ മത്സരിച്ചില്ല.

