ഡൽഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴികൊടുക്കാൻ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡൽഹി പോലീസ് പിൻവലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.
ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സിൽ ഡൽഹി പോലീസിനെയും ഡൽഹി വനിതാ കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഡൽഹി പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
കേസിലെ പ്രധാന സാക്ഷികളായ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തിയുള്ളതാണ് പോസ്റ്റ്. ‘ബ്രിജ്ഭൂഷണെതിരേ കോടതിയിൽ സാക്ഷി പറയാൻ പോകുന്ന വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡൽഹി പോലീസ് പിൻവലിച്ചു’ എന്നാണ് പോസ്റ്റ് ചെയ്തത്. ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും വിനേഷ് നേരത്തേ പറഞ്ഞിരുന്നു.
ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വർഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവർ പ്രതിഷേധം നടത്തിയിരുന്നു. ഡൽഹിയിലെ ജന്തർമന്ദറിലായിരുന്നു പ്രതിഷേധം. ബ്രിജ്ഭൂഷൺ രാജിവെയ്ക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം.
ഇതോടെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ മേരികോം, യോഗേശ്വർ ദത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചു. തുടർന്ന് കായികമന്ത്രാലയം ഇടപെട്ട് ഡബ്ല്യു.എഫ്.ഐ. പ്രവർത്തനങ്ങൾ സസ്പെൻഡ് ചെയ്യുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനൽ പിരിച്ചുവിടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്.

