തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് ചേരുന്ന സമിതി സിറ്റിങ്ങില്‍ കുട്ടിയുടെ തുടര്‍സംരക്ഷണം സംബന്ധിച്ചു തീരുമാനമെടുക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ചെവ്വാഴ്ചയാണ് വീട്ടുകാരുമായി പിണങ്ങി കുട്ടി വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടി, ട്രെയിനില്‍ കയറിയെന്നു വിവരം ലഭിച്ചതോടെ പൊലീസ് കന്യാകുമാരിയിലും നാഗര്‍കോവിലിലും തിരച്ചില്‍ നടത്തി. കുട്ടിയെ പിറ്റേന്ന് വൈകിട്ട് വിശാഖപട്ടണത്തു നിന്ന് മലയാളി സമാജം പ്രവര്‍ത്തകരാണ് കണ്ടെത്തിയത്.
കഴക്കൂട്ടം എസ്എച്ച്ഒ ആര്‍.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ ഇന്ന് ഉച്ചയ്ക്കു ശേഷം കഴക്കൂട്ടത്തെ വാടകവീട്ടില്‍ കുട്ടിയെ എത്തിക്കുമെന്നാണ് കരുതുന്നത്.

