തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവ് കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ-ബീന ദമ്പതികളുടെ മകൻ അജീഷ് (26) ആണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു ഈ ദുരന്തം.
അജീഷും ഭാര്യയും രണ്ട് മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ചേർന്നാണ് കപ്പൽ കാണാനെത്തിയത്. കൂടെയുള്ളവരെ കരഭാഗത്തോട് ചേർന്നുള്ള പാറയിൽ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽ പെട്ട് കടലിൽ വീഴുകയായിരുന്നു.
അജീഷിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലീസ്, കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.