ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവർ അർജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്, ശേഷിച്ചവർക്കായി തിരച്ചിൽ തുടരുകയാണെന്ന് കലക്ടർ അറിയിച്ചു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നേവിയുടെ സഹായം തേടിയിരിക്കുകയാണെന്ന് കലക്ടർ പറഞ്ഞു. മണ്ണിനടിയിൽ ലോറിയും ഒരു ബെൻസും ഉള്ളതായി ജിപിഎസിലൂടെ കണ്ടെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവാലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് എൻഡിആർഎഫും പൊലീസും പുഴയിലെ തിരച്ചിൽ തൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമം. ഹെലികോപ്റ്ററുകൾ വഴി മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങും. കാർവാർ നാവികസേന ബേസ് കലക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളെ നിയോഗിക്കാൻ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാത്തിരിക്കുകയാണ്. അതേസമയം, രക്ഷാപ്രവർത്തനത്തിന് കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ തന്നെ സ്ഥലത്തെത്തും.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇവരിൽ 5 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സമീപത്ത് ചായക്കട നടത്തുകയായിരുന്ന കുടുംബം. മണ്ണിടിച്ചിൽ സംഭവിച്ചത് കടയുടെ സമീപത്താണ്. കടയുടമ ലക്ഷ്മൺ നായികന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മകളായ അവന്തികയുടെയും ലക്ഷ്മണിന്റെ മാതാപിതാക്കളിൽ ഒരാളുടെയും മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്ന് നിഗമനം. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുനിന്ന് ഒരു ട്രക്കും കാറും കണ്ടെടുത്തു.
അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും കെ. സി. വേണുഗോപാൽ എം.പിയും അടക്കം നിരവധി പേർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വെള്ളത്തിനടിയിൽ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ. ഹിതേന്ദ്രയോട് അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും ഒടുവിൽ റിങ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.

