കണ്ണൂർ: മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് പേമാരിയിലും ചുഴലിക്കാറ്റിലും വീട് ഒറ്റപ്പെട്ടുപോയത്.
കനത്ത മഴ തുടരുന്നതിനിടെ, തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തിൽ കുടുങ്ങിയ കൈകുഞ്ഞും കുടുംബവും അഗ്നിശമനസേനയെ സമീപിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുടുംബം ഇവിടെ കുടുങ്ങിയത്. ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.
പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാർ നിർമ്മിച്ച മരപ്പാലം കനത്തമഴയിൽ ഒഴുകിപ്പോയതോടെ കുടുംബം ഒറ്റപ്പെട്ടു. മനൂപ്, ബിജി, ഒന്നരമാസം പ്രായമുള്ള ആരോൺ എന്നിവരെയാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ തുരുത്തിലേക്ക് മറ്റൊരു പാലം നിർമ്മിച്ചാണ് ഫയർഫോഴ്‌സ് ഇവരെ കരയ്‌ക്കെത്തിച്ചത്. പിന്നീട്, ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

