ലഹരിക്കെതിരേ പോരാടാൻ ആഹ്വാനവുമായി ലഹരിവിരുദ്ധ പരിപാടി

കോട്ടയം: ലഹരിക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മുൻകാലത്തേക്കാളും ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. പലതരത്തിലുള്ള ലഹരികളാണ് ചുറ്റുമുള്ളത്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയയുടെ കെണിയിൽ വീണുപോവുകയാണ്. വലിയ ശൃംഖലയാണ് ഈ മാഫിയ്ക്കു പിന്നിലെന്നും പൊതുസമൂഹമൊന്നാകെ നിന്നെങ്കിലേ ഇവയെ പൂർണമായി പ്രതിരോധിക്കാനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ലഹരിമരുന്നുമാഫിയകൾ ലക്ഷ്യമിട്ടിരിക്കുന്നതു കുട്ടികളെ തന്നെയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. 

ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ ദിനാചരണ സന്ദേശം നൽകി.  എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ബിൻസി എന്നിവർ വിഷയാവതരണം നടത്തി.  ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മേരി കെ. ജോൺ, വൈ.എം.സി.എ. സബ് റീജിയൺ ചെയർമാൻ ജോബി ജയിക് ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോൺ, എക്സൈസ് കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.  തുടർന്നു ലഹരി ദുരുപയോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ നടന്ന  ജില്ലാതല സെമിനാർ ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ. ടോണി തോമസ് നയിച്ചു. 

 ജില്ലാ ആരോഗ്യവകുപ്പ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആരോഗ്യകേരളം, വിദ്യാഭ്യാസവകുപ്പ്, എക്‌സൈസ് വകുപ്പ്,  വൈ.എം.സി.എ എന്നിവ സംയുകതമായാണ് പരിപാടി സംഘടിപ്പിച്ചത്.  കോട്ടയം നഗരസഭാപ്രദേശത്തെ 10 സ്‌കൂളുകളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ സി.സി, എസ്.പി.സി എന്നിവയിലെ നാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.  

രാജ്യാന്തര ലഹരിവിരുദ്ധദിനമായ ജൂൺ 26ന് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും ജില്ലയിൽ കനത്ത മഴയേത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال