കോളനികൾ ഇനിയില്ല. മുൻ മന്ത്രിയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ വാസസ്ഥലത്തിൻ്റെ പേര് മാറ്റി തൃശൂർ മുണ്ടത്തിക്കോട് കുംഭാരക്കോളനി നിവാസികൾ. പുതിയ പേര് അമ്മ നഗർ. ഔദ്യോഗികമായി പേര് മാറ്റാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പരമ്പരാഗത മൺപാത്ര നിർമാതാക്കളായ കുടുംബങ്ങൾ രംഗത്തെത്തിയത്.

കുംഭാര സമുദായാംഗങ്ങളായ നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ഇന്ത്യക്ക്സ്വാതന്ത്ര്യം ലഭിച്ച കാലത്തു മുതൽ പൂർവികർ തൊട്ട് ഈ വിഭാഗം ഇവിടെയുണ്ട്. കുംഭാര കോളനി എന്ന പേരിൽ പലപ്പോഴും ജാതിയമായും മറ്റും തങ്ങളൊട് പലരും വിവേചനം കാണിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.
സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ ഇത്തരം സംഭവങ്ങൾക്കിരയായതായും വേദനയോടെ ഇവർ പറയുന്നു. കോളനി എന്ന പദം ഒഴിവാക്കി പുതിയ പേരുകളാണ് അനുയോജ്യം എന്നകെ രാധാകൃഷ്ണൻ്റെ വാക്കുകൾ നെഞ്ചോടു ചേർത്താണ് പുതിയ പേരായ അമ്മ നഗർ എന്ന പേര് ഇവർ തിരഞ്ഞെടുത്തത്.
പ്രദേശത്തുള്ളവർ ആരാധിക്കുന്ന മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് പുതിയ പേര് ഉരുത്തിരിഞ്ഞു വന്നത്.ഔദ്യോഗികമായി സ്ഥിരികരിച്ചു തരാൻ നഗരസഭ ഉൾപ്പടെയുള്ള ഉന്നത അധികൃതർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം