സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേടിൽ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍


കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അരി, പഞ്ചസാര ഡീലർമാരായ കമ്പനിക്ക് ഗിഫ്റ്റ് കൂപ്പൺ നൽകി പഞ്ചസാര മാത്രം ലഭ്യമാക്കിയതിൽ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേരെ സപ്ലൈകോ സസ്പെൻഡ് ചെയ്തിരുന്നു.

500,1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളാണ് ഓണക്കാലത്ത് സപ്ലൈക്കോ ലഭ്യമാക്കിയത്. ഇതുവരെ 1.8 കോടി രൂപയുടെ തുക കൂപ്പൺ വഴി സപ്ലൈക്കോയിലേക്കെത്തി. ഇതിനിടയിലാണ് പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്ക് ആയിരം ഗിഫ്റ്റ് കാർഡ് കൈമാറിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. പലവിധ സാധനങ്ങൾക്ക് പകരം ഈ കമ്പനിക്ക് ലഭ്യമാക്കിയ കൂപ്പണുകൾ വഴി വാങ്ങിയത് പഞ്ചസാര മാത്രമാണ്.

പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ കമ്പനിയാണ് ജീവനക്കാർക്ക് നൽകാനെന്ന പേരിൽ വാങ്ങിയ ആയിരം ഗിഫ്റ്റ് കൂപ്പണുകൾ കൊണ്ട് പഞ്ചസാര മാത്രം വാങ്ങിയെടുത്തത്. പഞ്ചസാര ഔട്ട്ലെറ്റുകളിലേക്ക് കൈമാറാതെ അരി പഞ്ചസാര ഡീലർമാരായ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർ കൈമാറിയെന്ന് സപ്ലൈകോ വിജിലൻസാണ് കണ്ടെത്തിയത്. സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് സന്ധ്യ എ എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം ആര്‍, പോഞ്ഞാശ്ശേരി വില്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പെരുമ്പാവൂർ മാവേലി സ്റ്റോർ ചുമതലയുള്ള രജീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال