പരിസ്ഥിതി ലോല മേഖലയിൽ സർക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകം: മാ‍ർ റാഫേൽ തട്ടിൽ


കൊച്ചി: പരിസ്ഥിതി ലോല മേഖലയുടെ പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുമ്പോഴും സർക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകമാണെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കെയാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുന്നത്. സീറോ മലബാർ സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പന്ത്രണ്ടു വർഷത്തിലേറെയായി തുടരുന്ന ഇഎസ്എ നിർണയ നടപടിക്രമങ്ങൾ വഴി മലയോര ജനതയുടെ ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ കരട് വിജ്ഞാപനത്തിലെ വീഴ്ചകൾതന്നെയാണ് ഇപ്പോഴും തുടർന്നു പോരുന്നത് എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. അതായത് 2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയായി നിർദേശിച്ചിരിക്കുന്നു. അതിനാൽതന്നെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എ യുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന ആശങ്ക ശക്തമാണ്. കരട് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നതുപോലെ ഇഎസ്എ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പരിശോധിച്ച് പരാതി നൽകുവാൻ തക്കവിധം വില്ലേജ്-തല ജിയോ കോഡിനേറ്റ് മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. മലയാളഭാഷയിൽ കരടുവിജ്ഞാപനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന കോടതി ഉത്തരവും നടപ്പിലാക്കിയിട്ടില്ലെന്നും പ്രസ്താവനയിൽ മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال