നഗരസഭയുടെ കാവൽക്കാർ തെരുവുനായ്ക്കൾ; നഗരസഭാ കാര്യാലയ വളപ്പിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ പെരുകുന്നു, ഭീതിയോടെ പൊതുജനം




​കുന്നംകുളം: വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് 'കാവലായി' നഗരസഭാ കാര്യാലയ വളപ്പിൽ തെരുവുനായ്ക്കളുടെ വിഹാരം. കുന്നംകുളം നഗരസഭാ കാര്യാലയ പരിസരത്തും പ്രധാന കവാടത്തിലുമാണ് കൂട്ടത്തോടെ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. നഗരസഭാ വളപ്പിൽ തെരുവുനായ്ക്കൾക്ക് ലഭിക്കുന്ന 'സംരക്ഷണം' മറ്റെങ്ങും കിട്ടില്ലെന്ന മട്ടിലാണ് ഇവയുടെ സൈ്വര്യവിഹാരം.
​ഓഫീസിന്റെ പ്രധാന കവാടത്തിലും വരാന്തകളിലും കോമ്പൗണ്ടിലുമായി നിരവധി നായ്ക്കളാണ് തമ്പടിച്ചിട്ടുള്ളത്. നഗരസഭയിലേക്ക് വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന സാധാരണക്കാർ ഭയത്തോടെയാണ് അകത്തേക്ക് കടക്കുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങൾ നായ്ക്കളുടെ കൂട്ടം കണ്ട് പലപ്പോഴും ഭയന്നോടേണ്ട സ്ഥിതിയാണ്.
​തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട നഗരസഭാ അധികൃതരുടെ മൂക്കിൻ തുമ്പത്താണ് ഇത്തരമൊരു കാഴ്ചയെന്നത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കാര്യാലയ വളപ്പിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال