പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍


തൃശൂര്‍: പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന്‍ നേരത്തെ വിമര്‍ശിച്ചത്. ശ്രീരാമനെതിരെ പുലിക്കളി സംഘങ്ങളും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവരും രംഗത്തുവന്നിരുന്നു.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലിക്കളി നടത്താനുള്ള ഒരുക്കങ്ങളുമായി വിവിധ ദേശങ്ങള്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു വി കെ ശ്രീരാമന്‍റെ വിമര്‍ശനം. കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു ശ്രീരാമന്‍റെ വിമര്‍ശനം. ശ്രീരാമന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളും വിവിധ രാഷ്ട്രീയ സംസ്കാരിക പ്രസ്ഥാനങ്ങളും രംഗത്തുവന്നു. അപ്പോഴും തന്‍റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന്‍റെ പ്രസ്താവന അനുചിതമാണെന്ന് സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ശ്രീരാമന്‍ നടത്തിയത് ബോഡി ഷെയിമിങ് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അയ്യന്തോള്‍ ദേശം ഉള്‍പ്പടെ ഉള്ളവര്‍ പ്രതികരിച്ചു. പിന്നാലെയാണ് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിറക്കി ഖേദം പ്രകടിപ്പിച്ചത്. തൃശൂരിലെ പുലിക്കളി സിങ്കിള്‍ തീം ആര്‍ട്ട് ഫോം ആണ്, കാസര്‍കോട്ടേത് മാര്‍ഷല്‍ ആട്സ് ഫോമും. ഇത് മനസിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വത ഉള്ളതായിരുന്നില്ല. അഭിപ്രായ പ്രകടനവും അനുചിത പദപ്രയോഗവും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദം രേഖപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال