തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കില്ലെന്ന കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ സർക്കാർ സ്വാതന്ത്ര്യദിനാഘോഷം നടന്ന അതേ മൈതാനത്ത്, അതേ സമയത്ത് രാഷ്ട്രരക്ഷാ സമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച് ദേശീയപതാക ഉയർത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമോ എന്ന കാര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശന് ഇതുവരെ കൃത്യമായ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങൾ പറയുന്നതനുസരിച്ചല്ലെന്നും, ഡോ. ബി. ആർ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടന അനുസരിച്ചാണ് ഭരണം നടക്കുന്നതെന്ന ബോധ്യം വി. ഡി. സതീശന് ഉണ്ടാകണമെന്നും അനീഷ് കുമാർ പറഞ്ഞു.
ദേശീയഗീതമായ വന്ദേമാതരം ആദ്യന്തം ആലപിക്കേണ്ടത് രാജ്യത്തിന്റെ നിയമമാണെന്നും ഈ നിയമം പാലിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് തയ്യാറാകുന്നില്ലെങ്കിൽ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം വിമർശിച്ചു.
ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങളെ തുടർന്ന് വർഗീയ നിലപാടുകൾ ഉയർത്താനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്നും അനീഷ് കുമാർ ആരോപിച്ചു. വന്ദേമാതരത്തെ എതിർക്കുന്നതും സവർക്കറുടെ പേരിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെടുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യവിരുദ്ധ നിലപാടുകളെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും വഴങ്ങി വി. ഡി. സതീശൻ സർക്കാർ വർഗീയ നിലപാടുമായി മുന്നോട്ടുപോയാൽ ദേശസ്നേഹികളെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജസ്റ്റിൻ ജേക്കബ്, അനീഷ് ഇയാൽ, അഡ്വ. കെ. ആർ. ഹരി, സുജയ് സേനൻ, ഡോ. വി. ആതിര, സീന പ്രകാശ്, ഷീബ ബാബു, റോഷൻ എൻ. ആർ., അശ്വിൻ വാരിയർ, സന്തോഷ്, വിപിൻ ഐനീക്കുന്നത്, സുരേന്ദ്രൻ ഐനീക്കുന്നത്, സബീഷ് മരതയൂർ, ടോണി ചാക്കോള, അബിൻസ് ജയിംസ്, ഡിവിജ്, നിമേഷ് പി., അരുൺ പുതുക്കാട്, സന്ദീപ്, സുശാന്ത് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ദേശസ്നേഹികൾ പരിപാടിയിൽ പങ്കെടുത്തു.
Tags
Thrissur News