കർഷകരുടെ അക്ഷീണപ്രയത്നങ്ങളെ ആദരിക്കുന്നതിനായി കുന്നംകുളം നഗരസഭയുടെയും ആർത്താറ്റ്, കുന്നംകുളം കൃഷി ഭവനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനാഘോഷവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.
കുന്നംകുളം നഗരസഭ ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അദ്ധ്യക്ഷത വഹിച്ചു. ആർത്താറ്റ്, കുന്നംകുളം കൃഷി ഭവനുകളുടെ പരിധിയിൽ കാർഷിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കർഷകരെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൃഷിയെയും കർഷകരെയും ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിച്ച ഓരോ പരിപാടികളും. ചടങ്ങിന് മാറ്റുകൂട്ടി കർഷകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ. പി.ജി. ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു എന്നിവരും രാഷ്ട്രീയ കക്ഷി നേതാവായ ശ്രീജിത്ത് ആവേൻ, കൗൺസിലർമാർ, കൃഷി ഓഫീസർമാരായ എസ്. ജയൻ, സ്വേഗ ആന്റണി, പാടശേഖര സമിതി അംഗങ്ങളും പ്രദേശത്തെ ധാരാളം കർഷകരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
