വെള്ളറക്കാട്: തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കിടപ്പുരോഗി മരിച്ചു. വെള്ളറക്കാട് കൊല്ലൻ പടി കിഴക്കേ പുരയ്ക്കൽ ദേവദാസൻ (56) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ച് 12-നാണ് ദേവദാസിനും മാതാവ് കാർത്യായനിക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്യായനി അന്ന് തന്നെ മരണപ്പെട്ടിരുന്നു. തെരുവുനായയുടെ കടിയേറ്റ് ദേവദാസിന്റെ ശരീരമാസകലം മാരകമായ മുറിവുകളേറ്റിരുന്നു.
തുടർന്ന് ദിവസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത വിധം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം വീട്ടിൽ വിശ്രമത്തിൽ കഴിയവെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അവിവാഹിതനാണ്.
പരേതനായ കുഞ്ഞുമോനാണ് പിതാവ്. മൃതദേഹം ഇന്ന് വൈകുന്നേരം 7 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ സംസ്കരിക്കും.