ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ തിഹാർ ജയിലിലേക്ക് മാറ്റി. അറസ്റ്റിലായ മറ്റൊരു സിജെപി നേതാവായ അജിൻക്യ ഷിൻഡെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്തിർ മാർഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്.
ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾ ഉൾപ്പെടെ 14 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. പിന്നീട് ഇവർക്കെതിരെ കേസെടുത്ത് ജാഫർകലാൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെനിന്ന് ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ഡൽഹി പാർലമെന്റ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് മന്തിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടിയാണ് സൗരവ് ദാസ്, ആശുതോഷ് രാങ്ക എന്നിവരെ അഞ്ച് ദിവസത്ത ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ഇവർക്കൊപ്പം അറസ്റ്റിലായ അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം കിട്ടി. ആറുമാസത്തേക്ക് സമാന നടപടികൾ പാടില്ലെന്ന വ്യവസ്ഥയിലാണ് അജിൻക്യ ഷിൻഡെക്ക് ജാമ്യം അനുവദിച്ചത്. മറ്റു പതിനൊന്ന് പ്രവർത്തകരെ രാവിലെ പൊലീസ് വിട്ടയച്ചിരുന്നു.