താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തച്ചംപൊയിൽ വട്ടിക്കുന്ന് അബ്ദുൽ മുനീറാണ് അറസ്റ്റിലായത്. താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ നിന്നാണ് വ്യാജ സ്വർണം പണയം വെച്ച് 553300 രൂപ തട്ടിയത്. ജീവനക്കാർ തന്ത്രപൂർവ്വം യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണയായിട്ടാണ് ഇയാൾ പണം തട്ടിയത്. ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് അബ്ദുൽ മുനീർ പിടിയിലായത്. സമാനമായ രീതിയിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.