വഖഫ് കേസിൽ ബി ജെ പി വാദങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ്


വഖഫ് കേസിൽ ബി ജെ പി വാദങ്ങളെ പിന്തുണക്കുന്ന ലീഗ് നിലപാടിലെ ഇരട്ടത്താപ്പ് പുറത്ത്. സുപ്രീം കോടതിയിലെ ലീഗിൻ്റെ തന്നെ വാദങ്ങളെയാണ് ഇപ്പോൾ നേതൃത്വം തള്ളിപ്പറയുന്നത്. ഹൈക്കോടതിയിൽ ഇതല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നുവെന്ന സർക്കാർ വാദവും വസ്തുതാ വിരുദ്ധമാണ്.

വഖഫ് ബോർഡിൽ രണ്ട് മുസ്ലിം ഇതര വിശ്വാസികളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവ് പി എം എ സലാം പറഞ്ഞതാണിത്. സർക്കാർ നിലപാട് വഖഫ് ബോർഡിനെ ബാധിക്കില്ലന്നും ഇതല്ലാതെ മറ്റൊരു മാർഗം സർക്കാരുണ്ടായിരുന്നില്ല എന്നുമാണ് പി എം എ സലാം വാദിക്കുന്നത്. രണ്ടു വാദങ്ങളും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്.

വഖഫ് നിയമ ഭേദഗതിയിലെ പതിനാലാം വകുപ്പ് സർക്കാർ ഹൈക്കോടതിയിൽ അംഗീകരിച്ചതോടെ സുപ്രീം കോടതിയിലെ കേരളത്തിൻറെ കേസ് ദുർബലപ്പെട്ടു എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഇനി പതിനാലാം വകുപ്പ് ഭേദഗതി പ്രകാരം രണ്ട് അമുസ്ലിംകളെ ബോർഡിൽ ഉൾപ്പെടുത്തേണ്ടതായി വരും. ഇനി ഇതല്ലാതെ മറ്റു മാർഗ്ഗം സംസ്ഥാന സർക്കാരിന് ഇല്ലെന്നാണ് ലീഗ് നേതാവിൻ്റെ മറ്റൊരു വാദം. അഡ്വ ജനറൽ മൗനം പാലിക്കാതെ ശക്തമായി വാദിച്ചിരുന്നെങ്കിൽ സർക്കാരിന് പറയാൻ ഒരുപാട് ഉണ്ടായിരുന്നു.

സമാന വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് ഉണ്ടെന്നും ഹൈക്കോടതി തീരുമാനം സുപ്രീംകോടതിയുടെ വിധിക്ക് വിധേയമായിരിക്കുമെന്നും എ ജിക്ക് കോടതിയിൽ വാദിക്കാമായിരുന്നു, രണ്ട് ഒഴിവുകളുടെ പേരിലാണ് ഹൈക്കോടതി ബോർഡ് മരവിപ്പിച്ചത്. വഖഫ് നിയമം 22 പ്രകാരം ബോർഡിൽ ഒഴിവു വന്നതിന്റെ പേരിൽ ബോർഡിൻ്റെ തീരുമാനങ്ങളെ ബാധിക്കില്ല . ഇതും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞില്ല. മറിച്ച് പതിനാലാം വകുപ്പ് പ്രകാരം അമുസ്ലീങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞത്. തങ്ങൾ ഷോൺ ജോർജിന്റെ വാദങ്ങൾക്കൊപ്പം ആണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ തുറന്നു പറഞ്ഞു.

മാത്രമല്ല വകുപ്പ് 99 പ്രകാരം സർക്കാരിന് മാത്രമേ ബോർഡ് തീരുമാനങ്ങളെ അസാധുവാക്കാൻ അധികാരം ഉള്ളൂ. ഇതും സർക്കാർ കോടതിയിൽ മറച്ചുവെച്ചു. സമാന നിയമപ്രശ്നം തമിഴ്നാട്ടിൽ ഉണ്ടായപ്പോൾ സുപ്രീം കോടതി ഇടപെട്ട് ഹൈക്കോടതി ഉത്തരവ്സ്റ്റേ ചെയ്തിരുന്നു. ഇതും എ ജി കോടതിയിൽ ചൂണ്ടിക്കാട്ടിയില്ല. ചുരുക്കത്തിൽ സർക്കാരിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും കോടതി മുറിയിലെ മൗനമാണ് അനുകൂല വിധി സമ്പാദിക്കാൻ ഷോൺ ജോർജിനെ സഹായിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال