തൃശൂര്‍: സ്വരാജ് റൗണ്ടിന് സമീപത്തെ കെട്ടിടത്തിൽ നടന്ന കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് നഗരം. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശി ധൻപതി നായിക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ, ജനവാസ മേഖയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. കൊലപാതകത്തിൽ നാല് സ്ത്രീകളടക്കം ആറുപേരാണ് അറസ്റ്റിലായത്. പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങുന്ന പ്രതികള്‍ തല്ലി അവശനാക്കിയ ഒഡീഷ സ്വദേശിയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഒഡീഷ, അസം സ്വദേശികൾ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചത്. തൃശൂര്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്ന കോരപ്പത്ത് ലൈനിലിലെ വാണിഭ കേന്ദ്രത്തില്‍ കഴിഞ്ഞ 18ന് രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഒഡീഷ് സ്വദേശികളായ ധന്‍പതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവര്‍ രാത്രി വാണിഭ കേന്ദ്രത്തിലെത്തി.
പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നാലെ കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈന്‍, റുബീന ബീഗം, നശ്രിന്‍ അക്താര, മച്ചാനി ഖാതൂന്‍, ബിച്ചു നായിക് എന്നിവര്‍ ചേര്‍ന്ന് ധന്‍പതിനെയും സംഘത്തെയും മര്‍ദ്ദിച്ചവശരാക്കി. ധന്‍പത് നായിക്കിന് തലയ്ക്ക് പരിക്കേറ്റു. ചെറിയ പരിക്കേറ്റ മക്കറ മാജി മെഡിക്കല്‍ കോളില്‍ ചികിത്സ തേടി ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ഏഴുമാസം മുമ്പാണ് കോരപ്പത്ത് ലൈനിലെ വീട് വാടകയ്ക്ക് എടുത്തത്.