ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെകെ ശൈലജ. ദിവ്യ എസ്. അയ്യരെ മാറ്റിയത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമാണെന്നും അവർ പറഞ്ഞു.
മനഃപൂർവ്വം ആരെങ്കിലും മാറ്റിയതാണോ എന്ന് തനിക്ക് അറിയില്ല. ഉദ്യോഗസ്ഥരുടെ മാറ്റം ഭരണപരമായ കാര്യങ്ങളുടെ ഭാഗമാണെന്നും അവർ വിശദീകരിച്ചു.വിഴിഞ്ഞം പോർട്ട് എംഡിയെ തിടുക്കപ്പെട്ട് മാറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.കെ ശൈലജയുടെ പ്രതികരണം. ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായതായി രാഗേഷ് ആരോപിച്ചിരുന്നു.
‘വിഴിഞ്ഞം കരാറിലെ വ്യവസ്ഥയിൽ അദാനി അധികൃതർ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ. ദിവ്യ എസ് അയ്യർ.അദാനി അധികൃതർക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി.
”പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം” എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നിൽ അദാനിയുടെ ഉദ്ദേശങ്ങളൊന്നും നടന്നില്ല. ഭരണമാറ്റം ഉണ്ടായ ഉടനെ തന്നെ ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റി പകരം ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ഒരുദ്യോഗസ്ഥനെ നിയമിക്കാനുള്ള കാരണമെന്താണെന്ന്’ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടിരുന്നു.