ചെറുതോണി: കഞ്ഞിക്കുഴിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് വീട് ഭാഗികമായി തകർന്നത്. പുത്തൻപുരയ്ക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു.
പന്നാരകുന്നേൽ എൽസമ്മ, പുത്തൻപുരയ്ക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല-മാമച്ചൻകുന്ന് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.കാട്ടാനശല്യം പതിവാകുന്നതിൽ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു.
കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി നാശം വിതച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.